Monday 24 February 2014

കൊച്ചിണ്ടന്‍

നിങ്ങള്‍ കൊച്ചിണ്ടനെ കുറിച്ച് കേട്ടിട്ടുണ്ടോ?? 
എങ്ങനെ കേള്‍ക്കാനാണ്‌??
നാട്ടുകാര്‍ തന്നെ കൊച്ചിണ്ടനെ മറന്നു തുടങ്ങിയിരിക്കുന്നു. മരണം പിന്‍വിളി വിളിക്കാന്‍ ബാക്കിയായ ഏതാനും പഴമക്കാരുടെ നാവില്‍ മാത്രം കൊച്ചിണ്ടന്‍ മറക്കാത്ത പേരായി, വാക്കായി, മന്ത്രമായി....
ഞങ്ങളുടെ അടുക്കളവരാന്തയില്‍ 'ഉമ്മാരെ....' എന്ന് വിളിച്ചു നില്‍ക്കുന്ന മഞ്ഞിന്‍പാട പോലെ അവ്യക്തനായ കൊച്ചിണ്ടന്‍ എന്‍റെ മനസ്സിലും ഉണ്ട്...
കൊച്ചിണ്ടന്‍ ഒരു നാടന്‍ ഇതിഹാസമായിരുന്നു..
അതിനെക്കാളുപരി ഒരു നാടിന്‍റെ ആവശ്യമായിരുന്നു..
തോട് മാടാനും, വേലി കെട്ടാനും, പുര മേയാനും, മരം മുറിക്കാനും എന്തിനു കന്നുപൂട്ടിലും, ഓണത്തല്ലിലും വരെ നീണ്ടു കിടക്കുന്ന ആവശ്യങ്ങളുടെ നീണ്ട പാശങ്ങള്‍ കൊച്ചിണ്ടനെയെന്നും വരിഞ്ഞുമുറുക്കിയിരുന്നു..
കൊച്ചിണ്ടന്‍ ഒന്നരവല്ലിപ്പണി ഒറ്റയടിക്ക് തീര്‍ക്കുമായിരുന്നു. വയറു നിറച്ചൊരൂണ്, മനസ്സറിഞ്ഞു കൊടുക്കുന്ന കൈമടക്ക്‌...... (കൊച്ചിണ്ടന്‍ കൂലി വാങ്ങിക്കില്ല) കൊച്ചിണ്ടനു സന്തോഷമായി. എല്ലാം കഴിഞ്ഞ് ഒരു പൊടിക്കട്ടനോ, ഒന്നു മുറുക്കാനുള്ള വട്ടമോ കൂടിയായാല്‍ ബഹുജോര്‍...!


'ഉമ്മാരെ, അപ്പൊ കൊചിണ്ടനങ്ങ്ട്ട്.......'

'ഇനീപ്പോ നെന്നെ നി ഹെന്നാ കിട്ടാ?? വടക്കേ പറമ്പിലെ വേല്യൊന്നു കെട്ടണം. പൊളിഞ്ഞെട്ക്കണയിലെ കണ്ട പയ്ക്കള് കേറാ.....'

'അത്പ്പോ, നാളെ മ്മടെ ഔസേപ്പ് മാപ്ലാടെ തൊഴുത്തൊന്നു മേയ്ണത്രേ.. രണ്ടീസം കയ്ഞ്ഞിട്ട് കൊച്ചിണ്ടന്‍ വരാന്നേ! ന്താ പോരെ ഉമ്മാരെ..?'

'മതി. പക്കേങ്കില് നീയും ചെട്ടിക്കുന്നിലെ കാറ്റും ഒരേ വട്ടത്തിലാ, എവ്ടുക്കാ പാളാന്നു ഒരു തിട്ടോം ണ്ടാവില്ല....'

'അതെന്തൂട്ട് വര്‍ത്താനാ ന്‍റെ ഉമ്മാരെ? കൊച്ചിണ്ടന്‍ വരാന്നു പറഞ്ഞാ വരാണ്ടിരിക്ക്വോ??'

......അങ്ങനെ കുറെ സംഭാഷണശകലങ്ങള്‍ ഓര്‍മ്മയുടെ പിന്നാംപുറത്ത് ഇപ്പോഴും മുഴങ്ങുന്ന പോലെ.
കൊച്ചിണ്ടന്‍ എനിക്കാദ്യം ഒരു ഭയപ്പാടിന്‍റെ കഥയായിരുന്നു.. പിരിച്ചു വെച്ച കൊമ്പന്‍മീശയും, ചുവന്നു തുടുത്ത കണ്ണുകളും എന്നില്‍ ഭയത്തിന്‍റെ വിത്തെറിഞ്ഞു. അരയില്‍ തിരുകിവെച്ച അലുകുകളുള്ള 'പിശാങ്കത്തി' ആണ്‍കുട്ടികളുടെ 'ചുന്നി' മുറിക്കുവാനാണെന്ന് നാട്ടിലെ മറ്റു കുട്ടികളെ പോലെ ഞാനും വിശ്വസിച്ചു. അന്നൊക്കെ ഊണ് കഴിക്കാനിരിക്കുമ്പോള്‍ ഉമ്മച്ചി പറയും;

'ദേ, കൊച്ചിണ്ടന്‍ വരണുണ്ട്.. ന്‍റെ പുന്നാരമോന്‍ ദേ ഈ പിടി കൂടി വാങ്ങിച്ചാ മതി'

ഒരു പിടി കഴിഞ്ഞ്, ആ പാത്രത്തിലെ ചോറു തിന്നുതീരും വരെ കൊചിണ്ടന്‍റെ വരവും, ഈ പിടികൂടി എന്ന വാചകവും ആവര്‍ത്തിച്ച് കൊണ്ടിരിക്കും..
വലുതായപ്പോളാണ്, ഒരുപാട് കുട്ടികളെ ഊട്ടുവാന്‍ കൊച്ചിണ്ടന്‍ അദൃശ്യനായി എത്താറുണ്ടായിരുന്നു എന്ന അത്ഭുതരഹസ്യം ഞാന്‍ `മനസ്സിലാക്കിയത്.
ഒരേസമയം പലരുടെയും 'റൂഹ്' പിടിക്കാന്‍ വരുന്ന 'മലക്ക് അസ്രായീലിനെ' പോലെ കൊച്ചിണ്ടന്‍ ഒരേ സമയം ഞങ്ങളെ തീറ്റിക്കുവാന്‍ വന്നുകൊണ്ടിരുന്നു..

             
                   ഒരു ചെറിയ മാടം കെട്ടി അതിലായിരുന്നു കൊചിണ്ടന്‍റെ കിടപ്പ്. പണ്ട് കൊച്ചിണ്ടനു ഭാര്യയുണ്ടായിരുന്നത്രേ. ഒരു മഴക്കാലത് കര്‍ക്കിടകത്തിന്‍റെ കൂടെ എവിടെ നിന്നോ എത്തിയ പേരറിയാത്ത വരത്തന്‍റെ കൂടെ അവള്‍ ഒളിച്ചോടിപ്പോയി.
അല്ലെങ്കിലും കൊചിണ്ടനെ അവള്‍ക്കു വിലയില്ലായിരുന്നു..
'അയാള് രു ആണാ?? കെടക്കപ്പായ ഒറങ്ങാന്‍ മാത്രാന്നാ ആള്‍ടെ വിജാരം. ഇങ്ങന്ത്തൊരു മനിസന്‍. ന്‍റെ മുത്തപ്പാ, ത്രയ്ക്ക് ദണ്ണിക്കാന്‍ മാത്രം ഞാനെന്തൂട്ട്‌ പാപാ ചെയ്തെ??'
കൊചിണ്ടനെ കുറിച്ച് തുറന്നടിച്ചു കറങ്ങിനടക്കുകയായിരുന്നു അവളുടെ പതിവ്. എങ്കിലും പണിയെടുത്ത് വരുന്ന കൊച്ചിണ്ടന് അവള്‍ കഞ്ഞിയും, പയറ്പുഴുക്കും വെച്ചുകൊടുത്തു. കുളിച്ചു വന്ന് കഞ്ഞിയും, പുഴുക്കും സാപ്പിട്ട് അവരൊരു പായയില്‍ കിടന്നുറങ്ങി. പിറ്റേന്നും പതിവുപോലെ അയാളുടെ ആണത്തത്തിന്‍റെ നേര്‍ക്ക്‌ ചോദ്യശരങ്ങളുമായി അവള്‍ ഇടവഴികള്‍ താണ്ടി. അവളുടെ കണ്ണീരില്‍ കരിയിലകള്‍ നനഞ്ഞു.
വല്ലവരും അതേപ്പറ്റി ചോദിച്ചാല്‍ കൊച്ചിണ്ടന്‍ ചിരിച്ചുകൊണ്ടൊഴിഞ്ഞുമാറും. ചോദ്യകര്‍ത്താവ്‌ വിടാന്‍ ഭാവമില്ലെങ്കില്‍ കഴുത്തുവെട്ടിച്ച്, കണ്ണുനിറച്ച് കൊച്ചിണ്ടന്‍ മൊഴിയും:

'അവള്ക്ക് തലക്ക് ദെണ്ണം ണ്ട്ന്നേ.. ല്ലെങ്കി, മാനള്ളോരു വായാട്ണതാണോ വിളിച്ച് കൂവണേ...? ത്രന്നെ, തലക്ക് ദെണ്ണായതാ; മച്ചിയായതോണ്ട് തലക്ക് ദെണ്ണായതാ.....'

ആരുടെ വാക്ക് വിശ്വസിക്കും??
ഇടവഴികളും, കരിയിലകളും കൊച്ചിണ്ടന്‍റെ പെണ്ണിനെ വിശ്വസിച്ചു. കാരണം അവരാണല്ലോ അവളുടെ കണ്ണീരില്‍ നനയുന്നത്. വേലിപ്പത്തലുകളും, തോടുകളും, പാടങ്ങളുമെല്ലാം കൊചിണ്ടനെ വിശ്വസിച്ചു.
കാറ്റിലിളകിയാടി കൊന്നത്തലപ്പുകള്‍ പതുക്കെ മന്ത്രിച്ചുകൊണ്ടിരുന്നു:
'അവള് മച്ചിയാ... അവള് മച്ചിയാ...'

എന്തായാലും അക്കൊല്ലത്തെ കര്‍ക്കിടകം കഴിഞ്ഞപ്പോള്‍ കൊചിണ്ടന്‍റെ മച്ചിപ്പെണ്ണ്‍ അയാളുടെ അന്നേവരെയുള്ള സമ്പാദ്യവുമായി പെയ്തൊഴിഞ്ഞു.
കൊച്ചിണ്ടന്‍ മാത്രം ബാക്കിയായി. കഴുത്തു വെട്ടിച്ച്, കണ്ണുനിറച്ച് കൊച്ചിണ്ടന്‍ പറഞ്ഞു:
'നിക്കിപ്പോ ന്തിനാ കാശ്? അവള് എടുത്തോട്ടെ......'


                        കാലവും മച്ചിപ്പെണ്ണിനെ പോലെയായിരുന്നു. അത് എപ്പോഴും ഓടിയോളിച്ചു കൊണ്ടിരുന്നു. 'സിലോണില്‍' നിന്ന് ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തിയവരുടെ ദുര്യോഗങ്ങള്‍ക്കിടയില്‍ സാഹസികരായ ചെറുപ്പക്കാര്‍ ഭാഗ്യത്തിന്‍റെ മരുഭൂമി തേടി പുറപ്പെട്ടുകൊണ്ടിരുന്നു. അക്കാലത്ത് എല്ലാവരുടെ നാവിലും നിറഞ്ഞു നിന്നിരുന്ന വാക്കുകളായിരുന്നു, പേര്‍ഷ്യ, കള്ളലാഞ്ച് എന്നിവ.
എന്‍റെ വാപ്പച്ചിയും സാഹസികരിലൊരാളായി ബോംബേക്ക് വണ്ടി കയറി. ബോംബേയില്‍ നിന്ന് മുഷിഞ്ഞു തുടങ്ങിയ ഇന്‍ലന്റില്‍   ‍ചുളുങ്ങിയ അക്ഷരങ്ങള്‍ കൊണ്ട് ബാപ്പച്ചി ഉമ്മച്ചിക്ക് എഴുതിയിരുന്നു..
അടുത്തവീട്ടിലെ ശാരദചേച്ചിയുടെ ശബ്ദത്തില്‍ ബാപ്പ പറഞ്ഞു:

 'എനിക്ക് സുഖം തന്നെ. നിനക്കും കുട്യോള്‍ക്കും സുഖമെന്ന് കരുതുന്നു. ഞാന്‍ നാളെ പേര്‍ഷ്യക്ക് കപ്പല് കേറും. അല്ലാഹു കാക്കട്ടെ. നീ അഞ്ചുനേരവും എനിക്ക് വേണ്ടി ദുആയിരക്കണം. എന്‍റെ പുന്നാര ഹസ്സനും, ആമിനാക്കും ബാപ്പച്ചിയുടെ ചക്കരയുമ്മ. എല്ലാരോടും സലാം പറയുക. ഇനി വിധിപോലെ..
എന്ന് സ്വന്തം....'

ബോംബേയില്‍ നിന്ന് എത്തിയ കത്തിന് ശേഷം ദിവസങ്ങള്‍ക്ക് ആഴ്ചകളുടെയും മാസങ്ങളുടെയും നീളം വെച്ചു തുടങ്ങിയപ്പോള്‍ ഉമ്മച്ചിയുടെ അടക്കിപ്പിടിച്ച തേങ്ങലുകള്‍ നിലവിളികളായി ഉയരാന്‍ തുടങ്ങി.
ഉമ്മച്ചിയുടെ കണ്ണീരില്‍ മെത്തപ്പായ കുതിര്‍ന്നു.
ഏര്‍വാടിയിലെ വിശുദ്ധജാറത്തിലേക്കായി ഉമ്മുമ്മ നേര്‍ച്ചകള്‍ നേര്‍ന്നു. വീട് ദുരന്തസമാനമായ അസ്വസ്ഥതയുടെ വലയത്തിലായിരുന്നു. നാട്ടിലെ പല വീടുകളുടെ അവസ്ഥയും അങ്ങിനെത്തന്നെയായിരുന്നു.
ഞാന്‍ മാത്രം സന്തോഷവാനായിരുന്നു.
അകാരണമായി കിട്ടിയ സ്വാതന്ത്ര്യത്തിന്‍റെ ചരട് വലിച്ച് ഞാന്‍ ‍നടന്നു.
തോടുമണ്ടകളില്‍, പാടവരമ്പുകളില്‍ എല്ലാം ഉത്സാഹത്തോടെ ഞാന്‍ പാഞ്ഞു..
സ്വാതന്ത്ര്യത്തിന്‍റെ ആ നാളുകളിലായിരുന്നു ഞാന്‍ കൊചിണ്ടനുമായി ചങ്ങാത്തം കൂടിയത്. കാറ്റിന്‍റെ ഏണിപ്പടികളിലെവിടെയോ വെച്ച് മൂക്കുകുത്തിയ ഒരു പട്ടത്തിന്‍റെ പുറകെ ഓടി ഞാന്‍ ചെന്നെത്തിയത് കൊച്ചിണ്ടന്‍റെ മാടത്തിന് മുന്‍പിലായിരുന്നു. പട്ടമൊരു തെങ്ങിന്‍റെ ഉച്ചിയില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ഒരു ചിരിയോടെ കൊച്ചിണ്ടന്‍ തെങ്ങിലേക്ക് ആയാസപ്പെട്ട്‌ കയറി പട്ടമെടുത്തു നിലത്തേക്കിട്ടു. തെങ്ങില്‍ നിന്നും ഇഴുകിയിറങ്ങി കൊച്ചിണ്ടന്‍ പട്ടമെടുത്ത്‌ എന്‍റെ നേര്‍ക്ക്‌ നീട്ടി.
ഒന്നുകൂടി ഉറക്കെ ചിരിച്ചു..
കൊച്ചിണ്ടനെ കണ്ടത് മുതല്‍ പേടിച്ചരണ്ട് വരമ്പത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. അകലെയൊരു നിഴല്‍ കാണുമ്പോഴേക്കും ഓടിയൊളിക്കുന്ന ഞാന്‍!! അങ്ങനത്തെ ഞാനാണ് കൊച്ചിണ്ടന്‍റെ മുന്നില്‍തന്നെ വന്നു പെട്ടിരിക്കുന്നത്.
പട്ടം ഇല്ലായിരുന്നെങ്കില്‍ വീണ്ടും ഓടിയൊളിക്കുമായിരുന്നു. സത്യം..
കൊച്ചിണ്ടന്‍ പട്ടവുമായി അടുത്തേക്ക് വരികയാണ്.. ഞാന്‍ പിന്നിലേക്കും..

'ന്നാ പിടിച്ചോ ഉണ്ണ്യോളെ, കൊച്ചിണ്ടന്‍ പിടിച്ച് തിന്നൊന്നില്ലാട്ടോ....'
പിന്നെ എന്‍റെ ഭീതി കലര്‍ന്ന മുഖഭാവം കണ്ടിട്ട്:

'ന്താ പേടിണ്ടോ??'

'ഇങ്ങള് ന്‍റെ ചുന്നി മുറിക്ക്വോ...?' 

ഭയാശങ്കകള്‍ വാക്കുകളായി പുറത്ത് ചാടിയപ്പോള്‍ കൊച്ചിണ്ടന്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു. പിന്നെ ചിരിയൊതുക്കി കൊച്ചിണ്ടന്‍ ചോദിച്ചു.

'അയ്യേ, ആരാ ഈ പുളു ന്‍റെ ഉണ്യോള്‍ക്ക് വായാടിത്തന്നേ...?  കൊച്ചിണ്ടന്‍ രു പാവല്ലേ..?'

'അപ്പൊ ഈ കത്തി ന്തിനാ???'

'ഹഹ.. അതോ അത് അടക്ക ചെരുവാനല്ലേ? അല്ലെങ്കി നല്ല എളനീര് ചെത്താന്...'

മനസ്സില്‍ ആശ്വാസം ഒരു കടലിന്‍റെ സ്പര്‍ശമായി.
കൊച്ചിണ്ടന്‍ പട്ടമെന്‍റെ കയ്യില്‍ വെച്ചു തന്നു.
അങ്ങനെയാണ് ഞങ്ങളുടെ ചങ്ങാത്തം ആരംഭിച്ചത്.


           കൊച്ചിണ്ടന്‍ എന്‍റെ കൂട്ടുകാരനായി. ഗുരുവായി. തോട്ടില്‍ തുള്ളിപ്പാഞ്ഞ പള്ളത്തിയെ ഊത്തുളി വെച്ച് കോര്‍ത്തെടുക്കാന്‍ കൊച്ചിണ്ടനാണ് ആദ്യ പാഠം പകര്‍ന്നു തന്നത്. കൊച്ചിണ്ടന്‍ എന്നെ നീന്താന്‍ പഠിപ്പിച്ചു. വെള്ളത്തിന്‍റെ പ്രതലം പായ പോലെ എനിക്ക് വേണ്ടി കാത്തു കിടന്നു.
കൊട്ടത്തോക്ക്, മുളംപീപ്പി, കൈതോലച്ചക്കവണ്ടി തുടങ്ങിയ അപൂര്‍വ കളിപ്പാട്ടങ്ങള്‍ മറ്റുള്ള കുട്ടികള്‍ക്കിടയില്‍ എന്‍റെ അന്തസ്സ് വര്‍ദ്ധിപ്പിച്ചു.
പള്ളിക്കാട്ടിലെ 'ജിന്നിന്‍റെ കുപ്പായക്കൈ' കാണുവാന്‍ മാത്രമുള്ള സാഹസികനായി ഞാന്‍ മാറിയതും അക്കാലത്തായിരുന്നു...
(പൊഴിഞ്ഞ പാമ്പിന്‍റെ പടമായിരുന്നു അത് എന്ന് മനസ്സിലാക്കിയ പില്‍ക്കാലത്തും , എന്തിനു ഇന്നും ഞാന്‍ അതിനെ ജിന്നിന്‍റെ കുപ്പായക്കൈ എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നു.)
കൊച്ചിണ്ടന്‍ എന്നെ ചെട്ടിക്കുന്നിന്‍റെ ഉയരത്തിലേക്ക് കൊണ്ടുപോയി. നെല്‍പ്പാടങ്ങളും, കശുമാവിന്‍ തോപ്പുകളും സുന്ദരമായ ചിത്രമായി എനിക്ക് മുന്‍പില്‍ നീണ്ടുപരന്നു കിടന്നു...
പണ്ട് എന്‍റെ ഉപ്പാപ്പയെ ചെട്ടിക്കുന്നിലെ ചെട്ടി വഴിതെറ്റിച്ച കഥ അവിടെ വെച്ചാണ് കൊച്ചിണ്ടന്‍ എനിക്ക് പറഞ്ഞുതന്നത്:


'സായിബ് നല്ല ഉസിരുള്ള മനിസനേര്‍ന്ന്.. വെട്ടൊന്ന്, മുറി മൂന്ന് ന്നായിരുന്നു. ആ, നൊമ്മടെ മേത്തല പാടത്തെ വരമ്പ് പൊട്ട്യ ഒരു തുലാത്തില് മൂപ്പരും കൊച്ചിണ്ടനും കൂടി പോയിരിക്വാര്‍ന്നു..
ചറപറാ പെയ്ത്ത്ള്ള രാവാര്‍ന്ന്.. കൂടെ നല്ല ചിലം ചെലം മിന്നലും. അന്ന് ചെട്ടിക്കുന്ന് ഈ പരുവല്ല ട്ടാ. നെറച്ചു മരങ്ങളേര്‍ന്നു. പൊള്ളണ വെയിലത്ത്‌ പോലും ര്ട്ടാര്‍ന്നുന്നേ.. ങാ പറഞ്ഞു ബന്നത്, വരമ്പ് വലിച്ചിട്ടു കൊച്ചിണ്ടന്‍ കാവല് നിന്ന്.  സായിബ് ചെട്ടിക്കുന്നു കേറി കുടീല്‍ക്കും പോയി.'

'ന്നിട്ട്...??'

'ന്നി ട്ടെന്താ..?? രാവ് മുഴോന്‍ നടന്നിട്ടും സായിബ് കുടീലെത്തീല... '

കൊച്ചിണ്ടന്‍ എന്തോ ഓര്‍ത്തു ചിരിക്കുകയാണ്.

'ചെട്ടി പറ്റിച്ച പണിയല്ലേന്ന്... പക്കെങ്കില് മൂപ്പര് സുജായേര്‍ന്നു.. അയിനാലക്കൊണ്ട് ചെട്ടിക്കു ബാത കൂടാന്‍ പറ്റീല..'

'അപ്പൊ കൊച്ചിണ്ടനോ..?'

'കൊച്ചിണ്ടന്‍ വരമ്പത്തല്ലാര്‍ന്നോ? നേരം ബെളുത്തപ്പളല്ലേ സായിബ് ചെട്ടിക്കുന്ന്‍ 'കയബാക്യ' കത കൊച്ചിണ്ടന്‍ അറിയണ്...'

കൊച്ചിണ്ടന്‍ ഉറക്കെയുറക്കെ ചിരിക്കുകയാണ്..



      കാലത്തിന്‍റെ 'മച്ചിപ്പോക്ക്' തുടരുകയായിരുന്നു.  കൊച്ചിണ്ടന്‍ തളരാനും ഞാന്‍ വളരാനും വേണ്ടി. ഗള്‍ഫില്‍ നിന്നും അത്തറ് മണക്കുന്ന പെട്ടികളുമായി വാപ്പച്ചി തിരിച്ചു വന്നതും, ഉമ്മുമ്മയെ പള്ളിക്കാട്ടിലെ മണ്ണ് തിന്നതും ആ വളര്‍ച്ചക്കും തളര്ച്ചക്കും ഇടയില്‍ പാരസ്പര്യങ്ങളായി.

      ഉമ്മച്ചിയെ ഉമ്മാര് എന്ന ബഹുമതി കൊണ്ട് കൊച്ചിണ്ടന്‍ വിശേഷിപ്പിക്കാന്‍ തുടങ്ങി. ഗൃഹഭരണവും, ഗള്‍ഫ് കാരന്‍റെ ഭാര്യ എന്ന നിലയും ഉമ്മച്ചിയെ ഒരു സ്വയം നിര്‍മ്മിത റാണീയാക്കി മാറ്റി.

'പണ്ടത്തെ പ്പോലെ ആവണ് ല്യന്‍റെ ഉമ്മാരെ. ന്താ ചെയ്യാ. കൊച്ചിണ്ടനും വയ്യാണ്ടായി തൊടങ്ങി. കെടത്താണ്ട് വിളിച്യാ മത്യാര്‍ന്നു മോള് ല് ക്ക്..'

കൊച്ചിണ്ടനു എത്ര വയസ്സായി എന്ന് ആര്‍ക്കുമറിയില്ലായിരുന്നു. 60-70-90 എന്നൊക്കെ നാട്ടുകാര്‍ തരം പോലെ മൂളിക്കൊണ്ടിരുന്നു. കൊച്ചിണ്ടനു തന്നെ
തന്‍റെ പ്രായം നിശ്ചയമുണ്ടായിരുന്നില്ല എന്നതാണ് സത്യം.

'നിക്ക് അറീല്ല ന്‍റെ ഉണ്യോളെ, പത്തമ്പത് പ്രാശ്യം മല ചവ് ട്ടാന്‍ പോയെട്ക്കുണൂ.. ത്ര തന്നെ.'

കൊച്ചിണ്ടന്‍ എനിക്ക് മല ചവിട്ടാന്‍ പോയ കഥകള്‍ പറഞ്ഞു തന്നു. മണ്ഡലകാലത്ത് കൊച്ചിണ്ടന്‍ വ്രതം നോറ്റ്, കറുത്ത മുണ്ടും ധരിച്ച്, കഴുത്തില്‍ രുദ്രാക്ഷവും, നെറ്റിയില്‍ കളഭവും ചാര്‍ത്തി തെക്കോട്ട്‌ നടന്നു പോകും, മലയിലേക്ക്..

'ആദ്യം ആരിനേ കാണാന്‍ പോണ്ടത്‌..? അറ്യോ ഉണ്യോള്‍ക്ക്? ആ, കൊച്ചിണ്ടന്‍ പറഞ്ഞു തരാട്ടാ..  ആദ്യം പോണ്ടത്‌ വാവര് മൂപ്പരെ കാണാനാ.. ആരാ മൂപ്പര്? അയ്യപ്പന്‍ സ്വാമീടെ ചങ്ങായല്ല്യാര്‍ന്നോ? വാവരെ കാണാണ്ട് ചെന്നാ സ്വാമിക്ക് പിടിക്കൂല. ത്രക്ക് ഇഷ്ടാ വാവര് മൂപ്പരെ.'

പേട്ടതുള്ളലും, മലകയറ്റവും കൊച്ചിണ്ടന്‍റെ വാക്കുകളിലൂടെ എന്‍റെ മനസ്സില്‍ ദേശവിളക്ക് തെളിച്ചു.

'ഞാന് വലുതാവുമ്പോ മല ചവിട്ടാന് പോവൂലോ..'
'ന്താ പ്പദ് കത? ഉണ്യോള് മല ചവിട്ടേ?? ഉണ്യോള്‍ക്ക് പൂവാനല്ലേ ബീമാപ്പള്ളി??'

കൊച്ചിണ്ടനു പോകാന്‍ മലയും, എനിക്ക് പോകാന്‍ പള്ളിയും എന്നതിലെ പൊരുത്തക്കേടായിരുന്നു അന്നെന്‍റെ ചിന്തയില്‍..

   മദ്രസയിലെ തലേക്കെട്ട് കെട്ടിയ മുസ്ല്യാര്‍ കാഫിറിന്‍റെ അധോഗതികള്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ ഞാന്‍ ഉദ്വേഗത്തോടെ ചോദിച്ചു:

'കൊച്ചിണ്ടന്‍ കാഫിറാ...??'

'അതേടാ ബലാലെ, ഇദ്ദുനിയാവില് മുയ്മിനീങ്ങളല്ലാത്തോര്, അള്ളാനേം, മുത്ത്‌ നബീനേം ബിസ്വസിക്കാത്തോര് മുഴുങ്ങനും കാഫിറാ..'

കാഫിറായ കൊച്ചിണ്ടന്‍ എന്നില്‍ വിലാപങ്ങള്‍ ഉയര്‍ത്തി. കാരണം അന്ത്യദിനത്തിലെ വിചാരണക്ക് ശേഷം കാഫിറുകളെ നരകത്തിന്‍റെ കൊടുംചൂടിലേക്ക് വലിച്ചെറിയും. എല്ലാവര്‍ക്കും അവരവരുടെ കുറ്റങ്ങള്‍ക്ക് ശിക്ഷയുണ്ട്. അല്ലാഹുവിനെ വിശ്വസിക്കാത്തവര്‍ക്ക് ഒരൊറ്റ ശിക്ഷയെ ഉള്ളൂ. കാലാകാലം നരകം! നരകത്തിലെ ഒരരുമണിത്തൂക്കം തീയുണ്ടെങ്കില്‍ ഈ ലോകം മുഴുവന്‍ കത്തിച്ചാമ്പലാക്കപ്പെടും. ഉരുകിത്തിളക്കുന്ന നരകത്തീയില്‍ കൊച്ചിണ്ടന്‍ കത്തിയെരിയുന്നതിനെ കുറിച്ച് ഞാന്‍ വേവലാതിപ്പെട്ടു. മദ്രസ വിട്ടു തെങ്ങിന്‍തോപ്പിലൂടെ ഞാന്‍ പാഞ്ഞു. ആമിന പുറകെ 'ആച്ക്കാ' എന്ന് വിളിച്ചു വരുന്നതൊന്നും ശ്രദ്ധിക്കാതെ വേലി കവച്ചു കടന്നു പാടവരമ്പിലൂടെ തെന്നിയിറങ്ങി കൊച്ചിണ്ടന്‍റെ മാടത്തിനരികില്‍ ഞാന്‍ കിതച്ചു നിന്നു. കൊച്ചിണ്ടന്‍ ഒരു തൈത്തെങ്ങിനു തടം കോരി നിന്നിരുന്നു.

'കൊച്ചിണ്ടന്‍ അള്ളാഹുവില് വിശ്വസിക്ക്നുണ്ടോ?'
ഞാന്‍ ചോദിച്ചു.

'ഉണ്ടല്ലോ ഉണ്യോളെ.. ല്ലാം അവന്‍റെ കള്യല്ലേ..? ഓരോരുത്തര് അവരാര്ടെ പേരിട്ട് ബിളിക്കുണൂന്നു മാത്രം..'

അല്ലാഹുവില്‍ വിശ്വസിക്കുന്ന കാഫിര്‍! എനിക്കൊരുപാട് അത്ഭുതം തോന്നി.


   കാലം പിന്നെയും പാടത്തെ ചെളിയായുണങ്ങി, മഴയായ് പെയ്ത്, പുഴയായ് ഒഴുകി മുന്നോട്ടു പോയി.
ഒരു മണ്ഡലക്കാലത്ത് കൊച്ചിണ്ടന്‍ കറുത്ത മുണ്ടെടുത്ത്, രുദ്രാക്ഷമിറ്റ്, കുറി തൊട്ട് തെക്കോട്ട്‌ പോയി. മല ചവിട്ടാന്‍..
കൊച്ചിണ്ടന്‍ പിന്നെ തിരിച്ചു വന്നില്ല. ശേഷം മലക്ക് പോയ പലരും കൊച്ചിണ്ടനെ കണ്ടെന്നും, ഇല്ലെന്നും അവരുടെ തരം പോലെ ചരിത്രങ്ങള്‍ തുന്നിക്കൂട്ടി.

കൊചിണ്ടനെ ഓര്‍ക്കാന്‍ എന്തായിരിക്കും കാരണം..?
അല്ലെങ്കില്‍ കൊച്ചിണ്ടന്‍ ഇതിനേക്കാള്‍ ഓര്‍മ്മ അര്‍ഹിക്കുന്നില്ലേ??
സ്മൃതികളുടെ അറകള്‍ പലതും ചിതലരിച്ച് തുടങ്ങിയത് കൊണ്ട് കൊച്ചിണ്ടന്‍റെ ചരിത്രത്തെയും അതൊരളവോളം ബാധിച്ചിട്ടുണ്ടാകാം. അല്ലെങ്കില്‍ മുറിഞ്ഞ ചില ഓര്‍മ്മക്കണ്ണാടികള്‍ പോലെ ശിഥിലമായിരിക്കാം.
പല ചരിത്രാവശിഷ്ടങ്ങളും ബാക്കി വെച്ചാണല്ലോ ഓരോ ചരിത്രവും പുനര്‍വായിക്കപ്പെടുന്നത്.
എന്തായാലും കൊച്ചിണ്ടന്‍റെ ചരിത്രം ഇവിടെ അവസാനിക്കുന്നില്ല.
ഇപ്പോഴും ചില രാത്രികളില്‍ മഞ്ഞിന്‍പാട പോലെ അവ്യക്തനായി കൊച്ചിണ്ടന്‍ വരാറുണ്ട്.. മറ്റുചിലപ്പോള്‍ അദൃശ്യനായ ഒരു മാലാഖയുടെ സാമിപ്യം ഞാനറിയാറുണ്ട്..
അപ്പോഴൊക്കെ എന്‍റെ മനസ്സില്‍ ഒരു ചോദ്യം പതുക്കെ പുളയാറുമുണ്ട്..

'കൊച്ചിണ്ടന്‍ ഇപ്പൊ എവിടാണ്??
നരകത്തിലോ........ അതോ......?????'



...................ശുഭം..............