Tuesday 15 April 2014

വിഷു: ചില മധുരസ്മൃതികള്‍

വിഷു എപ്പോഴും മനോഹരമായിരുന്നു....! സ്വാദിഷ്ടവുമായിരുന്നു...!!
സ്കൂള്‍ വെക്കേഷന്‍ ആയിരിക്കും.. അത് കൊണ്ടു തന്നെ വേനലിനൊപ്പം ഉരുകിത്തിളച്ച ബാല്യത്തിന്‍റെ കൗതുകങ്ങള്‍... കള്ളനും പോലീസും കളി... പടക്കം... ആറ്റുനോറ്റ് കിട്ടുന്ന സിനിമ കാണാനുള്ള സ്വാതന്ത്ര്യം... വാടകയ്ക്ക് എടുക്കുന്ന അര സൈക്കിളില്‍ ഉള്ള സാഹസിക കോപ്രായങ്ങള്‍...
എത്ര മധുരമുള്ള ഓര്‍മ്മകള്‍....!!
ഇപ്പോഴത്തെ പ്രിയപ്പെട്ട അയല്‍ക്കാരി ശാന്തേ...ച്ചിയുടെ (അമ്മാമ്മ) വീട്ടില്‍ നിന്നും,
ആദ്യം ഞങ്ങള്‍ താമസിച്ചിരുന്ന അയല്‍പ്പക്കങ്ങളില്‍ നിന്നും
വിഷുവിനും, ഓണത്തിനും പലപല വിഭവങ്ങള്‍ കൊണ്ടു വരും.. ആദ്യം താമസിച്ചിരുന്ന സ്ഥലത്ത് ചുറ്റും ഹിന്ദു ഭവനങ്ങളായിരുന്നു... കായ വറുത്തത്, ശര്‍ക്കരവരട്ടി, വിഷുക്കട്ട തുടങ്ങി ഹോംമെയ്ഡ് വിഭവങ്ങള്‍ ഇഷ്ടം പോലെ കൊണ്ടുവരും.. ഉപ്പേരി (കായ വറുത്തത്) ഞാന്‍ തന്നെ തിന്നു തീര്‍ക്കും.. ഭയങ്കര ഉപ്പേരിക്കൊതിയന്‍ ആയിരുന്നു ഞാന്‍.. ഇപ്പൊ എല്ലാം റെഡിമെയ്ഡ് ആണല്ലോ.. അത് കൊണ്ടു തന്നെ വീട്ടില്‍ തന്നെ ഉണ്ടാക്കിയ പല വിഭവങ്ങളും ബേക്കറിയില്‍ നിന്നാണ് കൊണ്ടുവരിക..
അത് കൊണ്ടു തന്നെ വീട്ടില്‍ ഉണ്ടാക്കുന്ന ആ സ്വാദ് എവിടെയോ നഷ്ടപ്പെട്ടു.. സ്വല്‍പ്പം ഉപ്പു ജാസ്തി രുചിക്കുന്ന ആ പഴയ കായവറുത്തത് ഇപ്പോഴും ന്‍റെ വീക്ക്നെസ് ആണ്...
സത്യത്തില്‍ നഷ്ടപ്പെട്ടത് ഗ്രാമീണവിശുദ്ധിയാണ്...!!

***
വിഷുക്കാലത്ത് ഞങ്ങള്‍ പടക്കക്കച്ചവടം ചെയ്യും
ഞാനും, സതീഷും, ബിനോജും അങ്ങനെ കുറെ പേര്‍,,
ഓല കൊണ്ടൊക്കെ മറച്ചു താല്‍ക്കാലിക കടയില്‍ നിരത്തി വെച്ച കുറച്ചു പൊട്ടാസ്...
അത് വാങ്ങിക്കാന്‍ വരുന്ന ഞങ്ങളില്‍ തന്നെയുള്ള കൂട്ടുകാര്‍.. ചിരി, കളി, ബഹളം, അവസാനം ഞങ്ങള്‍ തന്നെ പൊട്ടിച്ചു തീര്‍ക്കും!
ബിസിനസ്-സാമ്പത്തിക രംഗത്ത് സതീഷ്‌ ഇന്നും പ്രവര്‍ത്തിക്കുന്നു..

***
എന്നിലെ കലാകാരന്‍ ആദ്യം ജനങ്ങള്‍ അറിഞ്ഞതും ഒരു വിഷുക്കാലത്തായിരുന്നു... ഞാന്‍ തന്നെ എഴുതി സംവിധാനം (?) ചെയ്ത സ്നേഹം എന്ന നാടകം ഞങ്ങളുടെ വീടിനടുത്തുള്ള പറമ്പില്‍ നടത്തി!! ആദ്യം എതിര് പറഞ്ഞ വാപ്പച്ചി ഒടുവില്‍ സമ്മതം മൂളി. കേട്ടറിഞ്ഞു വന്ന ഇബ്രാഹിം മാമ കുറച്ചു രൂപ സ്പോന്‍സര്‍ ചെയ്തതോട് കൂടി പരിപാടി ഗംഭീരമാകാനുള്ള സാധ്യത മണത്തു.. വൈകീട്ട് പരിപാടി തുടങ്ങുന്ന കുറച്ചു മുന്‍പേ അങ്ങനെ മൈക്ക് സെറ്റ് എത്തി... ഒന്നും രണ്ടും രൂപയായി ഞങ്ങള്‍ പിരിച്ചെടുത്ത കുറച്ചു പൈസ മാമയുടെയും വാപ്പചിയുടെയും സംഭാവനയുടെ ബലത്തില്‍ മൈക്ക് സെറ്റ് വാടകക്ക് എടുക്കാന്‍ പ്രാപ്തമായി....//
നാട്ടുകാര്‍ പായും ചാക്കും ഒക്കെയായി വന്നു.. അവര്‍ക്ക് നാടകം കാണല്‍ വിഷയമല്ലായിരുന്നു.... ഞങ്ങടെ കുട്ട്യോളെ പരിപാട്യല്ലേ?? അമ്മാമമാരും, ചേച്ചിമാരും, കുട്ടികളും ആകെ ബഹളമായി... പരിപാടി കുളം ആകുമെന്ന് മാത്രം വിചാരിച്ചിരുന്ന സമയത്ത്, മൊത്തം ശുഭലക്ഷണങ്ങള്‍..
ചങ്ങാതി കലേഷിന്‍റെ കസിന്‍ എത്തിയതോടെ നല്ല പാട്ടുകാരനും ആയി... നാടകത്തില്‍ വേഷമിട്ട ചങ്ങാതികളെ ഓര്‍മ്മ വരുന്നു...
കലേഷ്‌, ബിനോജ്, സതീഷ്‌, സുല്‍ഫി, സലി പിന്നെ ഞാനും... അങ്ങനെ കുഞ്ഞു ഗ്രാമത്തിന്‍റെ നിഷ്കളങ്കമായ ബാല്യങ്ങള്‍ ആഘോഷിച്ച ആ വിഷുക്കാലം ഇന്നും ഓര്‍മ്മയിലെ സുഗന്ധമാണ്...!!
  
  ******************************

എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരിക്കല്‍ കൂടി വിഷു ആശംസകള്‍...

വാപ്പച്ചിയുടെ ചരമവാര്‍ഷികം: ചില നൊമ്പരങ്ങള്‍.. ഓര്‍മ്മകള്‍...

വാപ്പച്ചി ശരിക്കും പാവമായിരുന്നു.. സ്നേഹം മാത്രം മനസ്സില്‍ നിറച്ചു വെച്ച സാധു.. ചെറുപ്പത്തില്‍ ആഗ്രഹങ്ങള്‍ എന്നില്‍ മുളക്കുന്നതിനു മുന്‍പേ അതെല്ലാം എന്നിലേക്കെത്തിച്ച ഒരു പാവം താതന്‍. വാപ്പച്ചി വളരെ ചെറുപ്പത്തിലേ അധ്വാനിച്ചു കുടുംബം പോറ്റാന്‍ തുടങ്ങി. പഠിക്കുമ്പോള്‍ തന്നെ പത്ര എജന്റായിരുന്നു അന്ന് തൃപ്രയാര്‍ ആണ് പത്രക്കെട്ട് വരിക. ദിവസവും സൈകിള്‍ ചവുട്ടി അത്രയും ദൂരം പോയി പത്രം എടുത്തു കൊണ്ടുവന്നു... വിതരണം ചെയ്യും. ഞാന്‍ 8ല്‍ പഠിക്കുമ്പോള്‍ പങ്കജട്ടീചര്‍ വാപ്പചിയെ കുറിച്ച് പറഞ്ഞത് ഓര്‍മ്മ വരുന്നു, കഠിനധ്വാനിയായ പാവം ചെക്കന്‍ എന്ന്.... (ടീച്ചറുടെ വീട്ടില്‍ പണ്ട് പത്രം ഇട്ടിരുന്നതും വാപ്പച്ചി ആയിരുന്നു. )
പിന്നീട് എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം സെറിബ്രല്‍ത്രോംബോസിസ് കീഴ്പ്പെടുത്തിയ അവസാനപത്തു വര്‍ഷങ്ങള്‍ വരെ അദ്ദേഹം അധ്വാനിക്കുകയായിരുന്നു.. എന്നെ നല്ല നിലയില്‍ കാണുവാനാകാതെ ഓര്‍മ്മ മാഞ്ഞുതുടങ്ങിയ അവസാനനാളുകളില്‍ വാപ്പച്ചി സന്തോഷം അറിഞ്ഞിട്ടുണ്ടാവില്ല. ഒന്നും സമ്പാദിക്കാതെ, ആരോടും പരിഭവിക്കാതെ, എല്ലാവരെയും സ്നേഹിച്ചു ദൈവത്തോട് നന്ദി പറഞ്ഞു പറഞ്ഞു ഒരവധൂതനെപോലെ വാപ്പച്ചി പോയ്‌മറഞ്ഞു.
ഒന്നും തിരികെ നല്‍കാന്‍ എനിക്കായില്ലാ. ആ സാഗരം പോലെയുള്ള സ്നേഹത്തില്‍ നിന്നൊരു തരി പോലും എപ്പോഴും ലോകത്തിന്‍റെ പ്രശ്നങ്ങളെ കുറിച്ച് വേവലാതിപ്പെട്ടു ഒരു കുഞ്ഞുബുജിയുടെ പൈജാമയിട്ട് നടന്ന എനിക്ക് ജീവിതം തലയില്‍ കയറുമ്പോഴേക്കും വാപ്പച്ചി മണ്ണിലേക്ക് തന്നെ മടങ്ങി.
ഓര്‍മ്മ നിലക്കുന്ന വരെയും വാപ്പച്ചി ഒരു നോവായി കൂടെയുണ്ടാകും... ഓര്‍മ്മ അല്ഷിമെര്സായി മാഞ്ഞു തുടങ്ങിയ ആ അന്ത്യവത്സരങ്ങളില്‍ ഞാനായിരുന്നല്ലോ ആ പാവത്തിന്‍റെ അഭിനവതാതന്‍... പുത്രധര്‍മ്മമോ, പിതാധര്‍മ്മമോ തീര്‍ക്കാനാവാതെ ഞാനെന്ന സ്വത്വം സ്വയംവിലപിക്കുന്നു...
ഞന്‍ തന്നെ ഖബറിലേക്ക് മടങ്ങുന്നതിനു മുന്‍പേ വാപ്പച്ചിയുടെ ജീവിതത്തിലെ ഒരേയൊരു ആഗ്രഹം സാധിപ്പിച്ചു കൊടുക്കണം. വിശുദ്ധമക്കവും, മദീനയും പൂകാന്‍ അദ്ദേഹം എത്ര കൊതിച്ചിരുന്നു...
എന്‍റെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയായില്ലെന്കിലും വാപ്പചിയുടെ ആ ഒരാഗ്രഹം എന്നിലൂടെ നടത്തികൊടുക്കാന്‍ സര്‍വേശ്വരനായ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു...