Wednesday 16 October 2013

ഒരു ഐ.സി.യു.ഡയറിക്കുറിപ്പ്‌


*** 
9:07am
വര്‍ഷകാലത്തിനിടയിലെ വേനല്‍ത്തുരുത്തിലാണ് ഞാനിപ്പോള്‍... 
ചിറകു മുറിഞ്ഞ ശലഭങ്ങളായി വെയില്‍നാളങ്ങള്‍ എന്റെ ജാലകങ്ങളില്‍ പറന്നിറങ്ങുന്നു. ഇപ്പോള്‍ ഈ മഴവേനലില്‍ അന്നയെക്കുറിച്ചു എഴുതുവാന്‍ ശീതരക്തം നിര്ഗ്ഗമിക്കുന്ന ഹൃദയമെന്നെ നിര്‍ബന്ധിക്കുന്നു. പക്ഷെ മൌനമൊരു കഠാരയായി കപോലവും തകര്‍ത്ത് മസ്തിഷ്കത്തെ മുറിവേല്‍പ്പിക്കുന്ന ഈ ഇടവേളയില്‍ ബോധത്തിനും, അബോധത്തിനുമിടയില്‍ ഉടഞ്ഞുവീഴുന്ന നിഴല്‍ദൂരങ്ങളെ നിനക്ക് മനസ്സിലാക്കാനാകുമോ???
പേനക്കും, മനസ്സിനുമിടയില്‍ ചലനങ്ങളില്ലാതെയാവുകയാണ്.. സമാന്തരങ്ങളായി അവയെന്നെ നോവിക്കുന്നു.. അത് കൊണ്ട് അന്നയെ കുറിച്ച് മഴനൂല് പോലെ നേര്‍ത്ത പ്രജ്ഞയുടെ പ്രതലങ്ങളില്‍ ഞാനെന്റെ മൗനം കൊണ്ട് എഴുതാന്‍ ശ്രമിക്കുകയാണ്. നിന്റെ നിനവുകളില്‍ നീയത് വായിച്ചെടുക്കുക..

10:32am
ഇതൊരു ശ്രമകരമായ കാര്യമാണ്.., ഈ വെളിച്ചത്തിന് നേരെ നോക്കി കിടക്കാന്‍...
അന്നയുടെ മുഖത്തേക്ക് നോക്കുമ്പോഴും ഞാനനുഭവിക്കാറുള്ള അതെ വിക്ഷുബ്ധത.. അവള്‍ നമ്മുടെ കണ്ണുകളിലേക്കു മാത്രമാണ് നോക്കുക. തുളച്ചിറങ്ങുന്ന ഈയമുനകള്‍ പോലെ ആ കണ്ണുകള്‍ റെറ്റിനയിലെ പ്രതിബിംബങ്ങളെ ആക്രമിക്കുന്നു..
ആക്രമണം! അന്നയ്ക്ക് ഇഷ്ടപ്പെട്ട ഒരു വാക്കായിരുന്നു അത്..
'പരസ്പരം ആക്രമിക്കാനുള്ള ആയുധങ്ങളാണ് നമ്മുടെ വാക്കുകള്‍' എന്ന് അവള്‍ പറയാറുള്ളത് ഓര്‍മ്മ വരുന്നു..
കണ്ണുകള്‍ അടഞ്ഞു പോവുകയാണ്. തലച്ചോറിനകത്ത് കറുത്ത വെളിച്ചപ്പൊട്ടുകള്‍ ഉതിര്‍ന്നു വീഴുകയാണ്.. മുനിഞ്ഞു കത്തുന്ന നാളമായി ഓര്‍മ്മ വിതുമ്പുന്നു...!

11:05am
പതുക്കെ... വളരെ പതുക്കെ ഞാന്‍ വീണ്ടും ഓര്‍ക്കാന്‍ തുടങ്ങുകയാണ്..
അന്നയെ കുറിച്ച് എഴുതാന്‍ നീയെന്നാണ് പറഞ്ഞത്?
റെയില്‍പാളത്തില്‍ കരിങ്കല്‍ ചീളുകള്‍ കൊണ്ടൊരുക്കിയ ശയ്യയില്‍ കിടന്ന നീണ്ടു കൊലുന്നനെയുള്ള ആ പെണ്‍കുട്ടിയുടെ വാര്‍ത്ത വന്നപ്പോഴോ?
അല്ലെന്നു തോന്നുന്നു.. അന്നയ്ക്ക് അവളോടുണ്ടായിരുന്ന സാമ്യം, നഗനമായ ആ ചെവികള്‍ മാത്രമായിരുന്നല്ലോ..
നഗരത്തിലെ രണ്ടുനക്ഷത്രമദ്യക്കടയില്‍ വെച്ച് ലഹരി മൂത്ത് കൂടെയുള്ളവനെ തലയടിച്ചു പൊട്ടിച്ച പെണ്‍കുട്ടിയുടെ വാര്‍ത്തയാണോ, അതോ ഹിജടകളെ കളിയാക്കി സംസാരിച്ച സ്വന്തം അദ്ധ്യാപകനെ ചെരുപ്പൂരിയടിച്ച ആ വിദ്യാര്‍ഥിനിയുടെ വാര്‍ത്തയാണോ..
എന്തായിരുന്നു, നിനക്കവളെ കുറിച്ച് കൂടുതലറിയാന്‍ താല്‍പ്പര്യം തോന്നിപ്പിച്ചത്??
വാര്‍ത്തകള്‍ കുനുകുനുന്നനെയുള്ള അക്ഷരങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന നിന്റെ മേശപ്പുറത്ത്, അവളെയും നീയൊരുപക്ഷെ കറുത്ത മഷിപ്പേന കൊണ്ട് വേട്ടയാടിയിരിക്കാം.. വേട്ടയാടപ്പെടുന്നത് അവള്‍ക്കിഷ്ടമില്ലാതിരുന്നിട്ടു കൂടി!

12:12pm
അല്ല, എനിക്കോര്‍മ്മ വരുന്നു..
ശരിയാണ്, അങ്ങനെത്തന്നെയാണ്..
'വിക്ടര്‍ ലീനസി'നെ കുറിച്ച് 'ടോം' എഴുതിയത് വായിച്ചതിനു ശേഷം,
അന്നയെക്കുറിച്ചു എനിക്കുമെഴുതണമെന്നു നിന്നോട് മന്ത്രിച്ചപ്പോഴാണ്..
അപ്പോഴാണ് നീ പറഞ്ഞത്; അന്നയെ കുറിച്ച് കൂടുതല്‍ അറിയാന്‍ നിനക്കും ആഗ്രഹമുണ്ടെന്ന്...!
അതെ, ഞാന്‍ പറയാന്‍ ശ്രമിക്കുകയാണ്..
ഓ, ഈ നശിച്ച വേദന..
വാരിയെല്ലുകള്‍ക്കിടയില്‍ കൂടുകൂട്ടിയ നൊമ്പരക്കിളികള്‍ ചിറകടിച്ചു പറക്കുന്നത് പോലെ.. പൊട്ടിച്ചിതറിയ തോളെല്ലില്‍ വേദന ചില്ലുകള്‍ പോലെ തുളഞ്ഞു കയറുകയാണ്.. അന്നയെ കുറിച്ച് എഴുതുവാന്‍ (?) വേണ്ടിയാണ് ഞാനീ വേദന സഹിക്കുന്നത് തന്നെ..

12:58pm
അന്നയുമായി ആദ്യം കണ്ടുമുട്ടിയതിനെ കുറിച്ച് ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ?
അര്‍ദ്ധപ്രജ്ഞയിലും ഞാനത് മറക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
ഒരിക്കല്‍ ഞാന്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് യാത്രചെയ്യുകയായിരുന്നു...
തീവണ്ടിയാത്രകള്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന യൌവ്വനം..!
പതിവ് പോലെ ഞാന്‍ ഇളകുന്ന ചതുരങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട സൌഹൃദങ്ങളെ മണത്ത്, നുകര്‍ന്ന് യാത്രകളില്‍ നിന്നു യാത്രകളിലേക്കുള്ള എന്റെ സംക്രമണങ്ങളില്‍ സ്വയം പകര്‍ന്നു ഇരിക്കുകയായിരുന്നു. സമാന്തരങ്ങള്‍ക്കിടയില്‍ ഭോഗപ്രക്രിയയുടെ നനുത്ത ചലനങ്ങളേറ്റു വാങ്ങിയ ഇരിപ്പ്.. കമ്പികള്‍ ഇഴയിട്ട ജാലകങ്ങള്‍ എനിക്ക് മുന്‍പില്‍ കൊയ്ത്തു കഴിഞ്ഞതോ, തരിശ്ആയതോ ആയ ഭൂവിഭാഗങ്ങളുടെ തുടര്‍ച്ചയായ മുറിയന്‍ ചിത്രങ്ങള്‍ എഴുതിക്കൊണ്ടിരുന്നു..
ഞാനിരിക്കുന്നതിന്റെ അടുത്ത സീറ്റില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു.. യാത്രക്കിടയില്‍, എപ്പോഴോ, ഏതോ സ്റ്റേഷനില്‍ വെച്ച് കയറിയതാണ്..
വെളുത്തു കൊലുന്നനെയുള്ള ഒരു സുന്ദരി. ഒഴിഞ്ഞു കിടക്കുന്ന കാതുകള്‍ അവള്‍ക്കൊരു നക്സല്‍ പരിവേഷം നല്‍കുന്നതായി എനിക്ക് തോന്നി. ഞാനും 'ഇന്‍സ്റ്റന്റ് സുഹൃത്തുക്കളും ചീട്ടു കളിക്കുകയായിരുന്നു. അതിനിടയിലേക്ക് തെറ്റിവെക്കപ്പെട്ട റമ്മിയിലെ പുള്ളി പോലെ അവള്‍ കടന്നു വന്നു.
പരിചയപ്പെടല്‍- ചീടുകളി- സംവാദങ്ങള്‍..
പിന്നെയെല്ലാം പതിവ് ചടങ്ങുകള്‍..
അന്നയന്നു ജീവിതത്തിന്റെ പതിവ് കാഴ്ചയായി മാറുകയാണെന്ന് പക്ഷെ ഞാനറിഞ്ഞില്ല.
പിന്നീട് യാത്രകള്‍ പലായനത്തിന്റെ നിഗൂഡതകളായി എന്നെ കീഴ്പ്പെടുത്തിയിരുന്നപ്പോഴൊക്കെ ഓരോ നഗരങ്ങളില്‍, ഇരുണ്ട ഗലികളില്‍,
ചരിത്രങ്ങളുറങ്ങുന്ന വിശ്രുതശ്മശാനങ്ങളില്‍, കടല്‍തീരങ്ങളില്‍, മലമൂടുകളില്‍ എവിടെ വെച്ചും ഞാന്‍ അന്നയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിതുടങ്ങി....

1:39pm
അന്ന എന്നെയാണോ, ഞാന്‍ അന്നയെയാണോ പിന്തുടരുന്നത് എന്ന ചോദ്യത്തിന്റെ വിസ്മയകരമായ നഗ്നത എന്നെ മഥിച്ചു. എന്നിട്ടും പരസ്പരം കണ്ടുമുട്ടുവാന്‍ വേണ്ടി ഞങ്ങള്‍ യാത്ര തുടര്‍ന്നു. അര്‍ദ്ധവിരാമങ്ങളാണ് ഓരോ യാത്രാമൊഴികളുമെന്നു ഞാന്‍ ഡയറിയില്‍ കുറിച്ചിട്ടുണ്ടാകണം. ഹിജടകള്‍ക്ക് വേണ്ടി എപ്പോഴും ഒറ്റക്കല്ലന്‍നാണയങ്ങള്‍ കരുതിവെച്ചാണ് അവള്‍ യാത്ര ചെയ്യുക. അടുത്ത ജന്മം ഉണ്ടെങ്കില്‍ താനും ഹിജഡയാകുമെന്നു അവള്‍ കുറുകും. ഗോവയിലെ ഫെനിയും, ബോംബെയിലെ ഭംഗും ആസ്വദിക്കപ്പെടെണ്ട സ്വപ്നങ്ങളാണെന്നു പറയാന്‍ ഉള്ള അന്നയുടെ ധൈര്യം പോലെ അതും എനിക്ക് അത്ഭുതമായിരുന്നു.
എന്റെ ബ്രാണ്ടായ കത്രിക സിഗരറ്റ് അവളെ കണ്ടുമുട്ടുന്നതോടു കൂടി എരിഞ്ഞു തീരാരാണ് പതിവ്. പല വടക്കന്‍ നഗരങ്ങളിലും ആ 'സാദാ' സിസര്‍ കിട്ടാനുണ്ടായിരുന്നില്ല.
"ശ്യാമിനറിയാമോ ഞാനിത് എന്തിനാണ് തുടങ്ങിയത് എന്ന്?
ആകാശച്ചെരുവുകളിലെ
മേഖങ്ങളലിഞ്ഞില്ലാതാവുമെന്ന പേടിക്കാണ്
ഞാന്‍ ബീഡി വലിച്ചു തുടങ്ങിയത്..."
എന്റെ പോക്കറ്റ് ഡയറിയില്‍ പണ്ടെന്നോ തമാശക്ക് ഞാന്‍ മറന്നുവെച്ച വരികള്‍
സ്വതസിദ്ധമായ ചിരിയില്‍ ചാലിച്ച് അവള്‍ ഓര്‍ത്തെടുത്തത്‌ എവിടെ വെച്ചായിരുന്നു?
ഉജ്ജയിനി..? ഹൌറ..??

2:18pm
കാലം നിശ്ചലതയായി ഞങ്ങള്‍ക്ക് ചുറ്റുമുറഞ്ഞു കൂടിയ ആ ഇടനാഴികളെ കുറിച്ച് ഓര്‍മ്മിക്കുവാന്‍ ഈ "നിശ്ചലത"എന്നത് വിധിഹിതമായിരിക്കാം. ജീവിതത്തിന്റെ സ്ഥിരം കാഴ്ചകളെ അനുരോധിക്കുവാന്‍ ശ്രമിച്ചുകൊണ്ട് അന്ന സംസാരിച്ചുകൊണ്ടേയിരുന്നു.
മേ-സിയാദയെ കുറിച്ച് സംസാരിച്ചിരുന്ന ഒരു പുഴക്കരയില്‍..
കണ്ണുകള്‍ വിടര്‍ത്തി അദൃശ്യമായ കാഴ്ചകളെ ഉള്‍ക്കൊള്ളുന്നത് പോലെ അന്ന ശൂന്യതയിലേക്ക് നോക്കി. ആ കാഴ്ച്ചയവളെ ഉന്മത്തയാക്കുന്ന പോലെ..
'പ്രണയത്തിന്റെ ഗ്രീഷ്മായനവും, ഭ്രാന്തിന്റെ ഗര്‍ത്തവിതാനവും ജിബ്രാന്റെ സമാന്തരസ്വപ്നങ്ങളാണെന്ന്' ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ ഉച്ചത്തില്‍ അലറി.
" നീ മെ സിയാദയെ കുറിച്ച് ആലോചിക്ക്.. ഫെമിനിസം എന്ന വാക്ക് ആശയവത്കരിക്കുന്ന മുന്‍പേ പെണ്‍ചിന്തയുടെ തീക്ഷ്ണമായ സ്ഫുലിന്ഗമായി മേ കാലത്തോട് സംവദിക്കുന്നത് അറിയാന്‍ ശ്രമിക്ക്.."
ജിബ്ര്രനെ പോലും ചില സമയത്ത് നിഷേധിക്കാന്‍ തയ്യാറായ ആ സമീപനം തന്നെയായിരുന്നു അന്ന..

ഈ വേദന വീണ്ടും എന്റെ ഓര്‍മ്മയില്‍ കനല്‍ചില്ലുകള്‍ പാകുകയാണ്..
സത്യത്തില്‍ അന്നയെ കുറിച്ച് ഞാന്‍ പറഞ്ഞു തുടങ്ങിയിട്ട് പോലുമില്ല.
നഷ്ടപ്പെടുന്ന പ്രജ്ഞയുടെ ഈ അവസാനനിമിഷങ്ങളില്‍ ചോദ്യം എന്റെ നേര്‍ക്ക്‌ തുളയുന്ന വാള്മുനയാണ്.. അന്ന എനിക്ക് ആരായിരുന്നു??

4:59pm
ചില പാദപദനങ്ങള്‍ പുറത്തു മുഴങ്ങുന്നുണ്ടോ? ചിലപ്പോള്‍ അന്ന വരുകയായിരിക്കും..
നേര്‍ത്ത വെള്ളച്ചിറകുകള്‍ അണിഞ്ഞു അവള്‍ എന്റെ വേദനകള്‍ തിരിചെടുക്കുമായിരിക്കും..
വേദനയില്ലാത്ത ലോകം എന്നിക്ക് മുന്‍പില്‍ ചുരുളഴിയുന്നത് പോലെ... അടഞ്ഞ കണ്ണുകള്‍ ഞാന്‍ വീണ്ടും മുറുക്കിയടച്ചു......!!

........ശുഭം.....

17 comments:

  1. അന്ന ആരായിരുന്നു??

    നല്ല അവതരണം...

    ആശംസകള്‍....



    ReplyDelete
  2. നന്നായിട്ടുണ്ട്...നല്ല ഭാഷ ...

    ReplyDelete
  3. മനോഹരം .............വായിക്കുവാൻ പ്രേരണ നല്കുന്ന വരികൾ.....

    ReplyDelete
  4. ഇത് വായിച്ചപ്പോള്‍ എന്‍റെ ഒരു ഓര്‍മ്മക്കഥ ഓര്‍മ്മ വന്നു ;)

    ReplyDelete
  5. നന്നായി കഥ ,,കൂടുതല്‍ കഥകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. തുടക്കത്തില്‍ തന്നെ നിങ്ങളുടെ പ്രോത്സാഹനം, ഞാന്‍ കൃതാര്‍ത്ഥനായി.. ട്രൈ ചെയ്യാം..

      Delete
  6. ആകാശച്ചെരുവുകളിലെ
    മേഖങ്ങളലിഞ്ഞില്ലാതാവുമെന്ന പേടിക്കാണ്
    ഞാന്‍ ബീഡി വലിച്ചു തുടങ്ങിയത്..."

    ഞാനും ;)

    ReplyDelete