Sunday 30 March 2014

ഒരു അഭിമുഖത്തിനു മുന്‍പും പിന്‍പും

    പയ്യന്‍റെ ചുഴിഞ്ഞുനോട്ടം എനിക്കത്ര പിടിച്ചില്ല, ഈ അണ്ഡകടാഹം സ്വന്തം തുടയിടുക്കിലാണെന്നല്ലേ ഭാവം. സംസ്കൃതമറിയാമായിരുന്നെങ്കില്‍ (സംസ്കൃതം ഇഷ്ടപ്പെട്ടിരുന്നെങ്കില്‍ എന്നര്‍ത്ഥം!) ഭാവത്തെ കുറിച്ച് ഞാനൊരു ശ്ലോകം തന്നെ കാച്ചിയേനെ; കിം ബഹുനാ!
    പയ്യന്‍ കുറച്ചു കൂടി തടിച്ചത് പോലെ. അല്ലെങ്കിലും ആ ഫലിതക്കാരന്‍റെ കൂടെ നിന്നാല്‍ ആരാണ് നന്നാവുക? അയാളെ വിട്ടു പോന്നത് നന്നായി.
   'ഇരിക്കൂ...'
ഞാന്‍ പയ്യനോട് പറഞ്ഞു.
താന്‍ പറഞ്ഞില്ലേലും ഇവന്‍ ഇരിക്കും എന്ന മുഖഭാവത്തോടെ അവന്‍ കസേര നീക്കി ചന്തിക്കീഴിലേക്ക് വലിച്ചിട്ടു. ഒരു ഹവാനക്ക് തീ കൊളുത്തി പതുക്കെ പുകയൂതാന്‍ തുടങ്ങി.
   'എനിക്കാവശ്യം സംസ്കൃതമുരക്കാത്ത 'പാത്ര'ങ്ങളെയാണ്..'
ഞാനാദ്യം തന്നെ എന്‍റെയാവശ്യം മന്ത്രിച്ചു.
  'എനിക്കും അങ്ങനെ തന്നെ. സംസ്കൃതം പറഞ്ഞു ഞാന്‍ മടുത്തു. താങ്കള്‍ക്ക് വേണമെങ്കില്‍ വല്ല റഷ്യനോ പേര്‍ഷ്യനോ എന്നെക്കൊണ്ട് ഉരത്താം..'
  'ഖരോഷാ.....' ഞാന്‍ പറഞ്ഞു.
  'കല്ലിവല്ലി..' പയ്യന്‍ തല വെട്ടിച്ചു.
   'ശരി, ഇനി മുഖാമുഖത്തിലേക്ക് പ്രവേശിക്കാം... നോവല്‍ എന്ന് പറഞ്ഞാല്‍..??
   'സംസ്കൃതമില്ലാത്ത സാഹിത്യകഥനം...'
ഹമ്പടാ, എന്നെ ഫ്ലാറ്റാക്കുകയാണ്.. വരട്ടെ..
    'അപ്പോള്‍ പലരുടെയും നോവലുകള്‍ നോവലല്ല എന്ന് വരുന്നു!?'
    'തീര്‍ച്ചയായും, അലക്സാണ്ടര്‍ പ്രോഖനോവ്‌ എഴുതിയത് പോലും നോവലാണെന്നു നാം അന്ഗീകരിക്കുന്നത് അതില്‍ സംസ്കൃതം കലരാത്തത് കൊണ്ടാണ്..'
    'മലയാളത്തില്‍....?'
    'മലയാളത്തില്‍ ആര്‍ക്കറിയാം നോവലെഴുതാന്‍? എല്ലാവരും കഥകളോ, നീണ്ട കഥകളോ, ഇനിയും നീണ്ട കഥകളോ, നീണ്ടു നീണ്ട മുഴുനീളകഥകളോ എഴുതുന്നു... നോവലെന്ന വിളിപ്പേരോടെ.....'
   'നോവലില്‍ നായകന്‍റെ സ്ഥാനം..?'
   'അസ്ഥാനം ! (സ്ഥാനം അവസാനിക്കുന്നില്ല )'
   'സംസ്കൃതത്തില്‍ നിന്നാണ് ഹിന്ദി ഉത്ഭവിച്ചത്‌ എന്നതിനെ കുറിച്ച് എന്തു പറയുന്നു..?'
   'സംസ്കൃതം...? ഹിന്ദി..?? ഹിന്ദിയില്‍ നിന്നാണ് സംസ്കൃതം ഉണ്ടായത്...
സംസ്കൃതമപി ജനനം
ഹിന്ദിഹീ നികടസാഗരം... എന്ന് മഹിഷബന്ധനത്തില്‍ പറയുന്നുണ്ട്..'
   'മേല്‍ പറഞ്ഞ ശ്ലോകം സംസ്കൃതമാണോ..?'
   ''അല്ല, ഹിംസ്കൃതം..'
   'സെക്സിനെ കുറിച്ച് എന്താണ് താങ്കളുടെ സമീപനം....?'
   'സെക്സ് ഈസ്‌ എ വാക്സിന്‍ ടു മിക്സ് ബോത്ത്‌ സെക്സ് വിത്ത്‌ സക്സസ് എന്ന അലക്സി ലക്സനോവിച്ചിന്‍റെ തിയറിയോട് യോജിക്കുന്നു...'
   'ആരാണ് അദ്ദേഹം..?'
ഛെ, അത് പോലും തനിക്കറിയില്ലേ എന്ന ഭാവത്തില്‍ പയ്യന്‍:
   'ലക്സംബര്‍ഗിലെ തത്വചിന്തകനായ ടാക്സിഡ്രൈവര്‍...'
   'എന്‍റെ കഥാപാത്രമായതിനു ശേഷം എങ്ങനെയുള്ള ജീവിതമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്...?'
   'താങ്കള്‍ എന്തു നല്‍കുന്നുവോ അത്..!'
ഹമ്പട രാവണാ..
    'തല്‍കാലം അഭിമുഖം കഴിഞ്ഞു. റിസള്‍ട്ട് അല്‍പസമയത്തിനകം അറിയാം, പുറത്തേക്ക് ഇരുന്നോളു...'
പയ്യന്‍ പുറത്തേക്ക് നടക്കുന്നതിനിടെ കയ്യില്‍ ഒരു കയറുമായി ഒരു പെണ്‍കുട്ടി അകത്തേക്ക് കടന്നു. കയറിന്‍റെ തുമ്പത്ത് ഒരാട്ടിന്‍കുട്ടി...!
ഒരു ചൂളം വിളിയോടെ പയ്യന്‍ പോയി. തിരിഞ്ഞു നോക്കിക്കൊണ്ട്.. 'ചെറ്റപ്പുരസമൂഹത്തിലുണ്ടായിരുന്ന ചമേലിയാണോ? ഓര്‍മ്മ വരുന്നില്ല.., അവള്‍ക്കു ആടുണ്ടായിരുന്നതായി തോന്നുന്നില്ല..' തുടങ്ങിയ പയ്യന്‍റെ ആത്മഗതങ്ങള്‍ മെസ്മെരിസം കൊണ്ട് ഞാന്‍ മനസ്സിലാക്കി..

   'ഞാന്‍ പാത്തുമ്മ, ഇതെന്‍റെ ആട്...'
   'ഓ, പാത്തുമ്മയുടെ ആട്... ഇരിക്കൂ....'
   'ഞാനിവിടെ നിന്നോളാം....'
ഞാന്‍ അഭിമുഖത്തിനൊരുങ്ങി. കാര്യങ്ങള്‍ ഇത്രത്തോളമായപ്പോളാണു ഒരു കൂട്ടം പോലീസുകാര്‍ മുറിക്കുള്ളിലേക്ക് ഇരച്ചുകയറിയത്:
   'മിസ്റ്റര്‍, യു ആര്‍ അണ്ടര്‍ അറസ്റ്റ്..'
ഉന്നതനെന്നു തോന്നിക്കുന്ന ഒരുത്തന്‍ ആക്രോശിച്ചു.
   'എന്തിന്?'
   'എന്തിനെന്നോ? കൊള്ളാം എല്ലാമറിഞ്ഞിട്ടും അറിയാത്ത നാട്യം. ബ്ലഡിബിച്ച്..'
ദൈവമേ കാര്യമെന്ത്? മെസ്മെറിസം തോറ്റ്പോകുന്നു.
   'ഞാന്‍ തന്നെ പറയാം. കഥാമോഷണം. അഥവാ പാത്രവാണിഭം. എഴുന്നേറ്റ് എന്‍റെ കൂടെ വരുന്നതാണ് നിങ്ങള്‍ക്ക് നല്ലത്..'
ങേ, ഞാന്‍ വാണിഭം നടത്തിയെന്നോ? ഞാന്‍ ഇന്‍റര്‍വ്യൂ നടത്തിയവര്‍ സ്വമനസ്സാലെ എന്‍റെ അടുക്കല്‍ വന്നവരാണ്. ഷെര്‍ലക് ഹോംസ്, ബകുള്‍, അപ്പുക്കിളി, ഭാരതി, മോണ്ടിക്രിസ്റ്റോ.. എത്രപേര്‍..?
ഒടുവിലത്തെ രണ്ടുപേരായിരുന്നു പയ്യനും, ഇവളും. എനിക്കൊന്നും പിടികിട്ടിയില്ല.
   'സര്‍, നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ആഗോളീകരണത്തിന്‍റെ ഭാഗമായി എല്ലാവരും ചെയ്യുന്നതു പോലെയേ ഞാനും.. എന്നെ വെറുതെ വിടൂ..'
   'അത് തീരുമാനിക്കാനല്ലേ സര്‍ക്കാര്‍ മുഴത്തിനു മുഴം കോടതികള്‍ പണിതിട്ടിരിക്കുന്നത്....?'
എന്നെ അവര്‍ കൈവിലങ്ങ് വെച്ച് പുറത്തേക്ക് കൊണ്ടുപോയി. പാത്തുമ്മ സഹതാപത്തോടെ എന്നെ നോക്കി.
പുറത്ത് ഒരു കോണില്‍ കൊളുത്താത്ത ഹവാന ചുണ്ടില്‍ വെച്ച് പയ്യന്‍ ചിരിക്കുന്നു.
യാ ഇലാഹീ... എല്ലാം പിടികിട്ടി. അവന്‍, അവനാണ് വില്ലന്‍!
ഗേറ്റിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പിലേക്ക് കയറവേ ഒരു സംസ്കൃത ശ്ലോകം കേട്ട് ഞാന്‍ ഞെട്ടിത്തെറിച്ചു. അപ്പോള്‍ ഉന്നതപ്പോലീസന്‍ തൊപ്പിയൂരി കറവീണ പല്ലുകള്‍ കാട്ടിചിരിച്ചു. കഷണ്ടി വീണ നെറ്റിത്തടത്തിനു കീഴെ കുറുകുന്ന കണ്ണുകള്‍ കൊണ്ടു തറഞ്ഞു നോക്കി പുള്ളി ഉവാച:
    'സംസ്കൃതവിരോധിയാ അല്ല്യോ..?'
 ദൈവദൈവമേ.., ഇതയാളല്ലേ.., ആ ഫലിതക്കാരന്‍*.......!???'
ഞാന്‍ ബോധം കെട്ടു വീണു...!


.....................ശുഭം..............
സമര്‍പ്പണം: *മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ വീ.കെ.എന്‍

17 comments:

  1. ഷിറൂക്കാ..,
    എന്തോ,
    എവിടെയോ.,
    എങ്ങനെയോ...,
    ആ.......

    ReplyDelete
    Replies
    1. ഒന്നുമില്ല. വീ.കെ.എന്നിനെ വായിക്കുന്ന ഒരാള്‍ക്ക് മനസ്സിലാകും.. ആ..............

      Delete
  2. പയ്യനെ പിടിച്ചാണു കളി !
    എത്രമാത്രം മനസ്സിൽ പതിഞ്ഞാലും നാണ്വാരെ തൊടാൻ ധൈര്യം പോരാ. 'എൻ വഴി തനി വഴി' എന്ന് സ്റ്റൈൽ മന്നനേക്കാൾ മുമ്പേ വഴി തെളിച്ച് ഇന്ദ്രപ്രസ്ഥത്തിലേക്കും ചരിത്രത്തിലേക്കും ഭൂമിശാസ്ത്രത്തിലേക്കും ആമാശയത്തിലേക്കുമെല്ലാം കൊണ്ടുപോയ വായനാഡ്രൈവർ.( 'ഡ്രൈവൻ' എന്നാണല്ലോ വേണ്ടത് എന്ന വാദം മറന്നിട്ടല്ല. ബഹുമാനാർത്ഥം ബഹുവചനം പൂശിയതാണ് )

    അനുസ്മരണം മോശമില്ല എന്നേ വയ്ക്കാവൂ.

    ReplyDelete
    Replies
    1. എനിക്കും എത്തുന്നതല്ല ആ ഉയരം..// എന്നാലും ചില സമയത്ത് വീ.കെ.എന്നിന്‍റെ ചില പദപ്രയോഗങ്ങള്‍......// നട്ടെല്ലുള്ള എഴുത്താണ് വീ.കെ.എന്നിന്റെത് :)

      Delete
  3. മലയാള സാഹിത്യത്തിൽ ഇന്ന് വരെ വികെ എന്നിനെ വായിക്കാത്ത ഒരാളാ ഞാൻ അത് കൊണ്ട് തന്നെ ഇതിന്റെ വിശദാംശങ്ങൾ എനിക്കങ്ങു കത്തിയില്ല എഴുത്തിനു ഒരാന ചന്ദം ഉണ്ട്

    ReplyDelete
    Replies
    1. വീ.കെ.എന്‍ വായിക്കപ്പെടേണ്ടതാണ്.... കൊമ്പാ

      Delete
  4. കളിയരങ്ങ്..............rr

    ReplyDelete
  5. വീ. കെ എൻ - എന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാൾ..

    ReplyDelete
    Replies
    1. എന്‍റെ പല രാത്രികളും ഉറക്കം കളഞ്ഞ വായനയാണതു... സന്തോഷം

      Delete
  6. ഇന്ന് ഒരാള്‍ വി.കെ.എന്നിന്റെ ഏത് പുസ്തകമാ കൊള്ളാവുന്നത് എന്ന് ഒരു ചോദ്യം ഉന്നയിച്ചു. ഒന്നും വായനായോഗ്യമല്ല എന്നാണോ ഉദ്ദേശിച്ചത് എന്നറിയില്ല.

    ReplyDelete
    Replies
    1. അത് എന്തായാലും ഒരു പുസ്തകം വായിച്ചു തീരുന്നത് അത് വായിക്കുന്നവന്റെ അഭിരുചിയാണ്..// എന്‍റെ കൌമാരത്തില്‍ തന്നെ ഞാന്‍ അവകാശികള്‍ വായിച്ചു തീര്‍ത്തു (വിലാസിനി). അതിലെ ദേവിയും, മദ്ധ്യവയസ്കനയായ ഉണ്ണിയും കാട്ടില്‍ അകപ്പെടുന്ന സീനൊക്കെ വളരെ ത്രില്ലില്‍ വായിച്ചു. ആനന്ദ് ആള്‍ക്കൂട്ടം അന്ന് വായിച്ചു തീര്‍ക്കാന്‍ ആയില്ല. പിന്നീട് ആള്‍ക്കൂട്ടവും ഗോവര്‍ധന്റെ യാത്രകളും എത്ര സുഖകരമായിരുന്നു..// ചെറുപ്പത്തിലും വലുപ്പത്തിലും കൂടുതല്‍ സ്വീകാര്യത ബഷീറിയന്‍ സാഹിത്യത്തിനാനെന്നു തോന്നിയിട്ടുണ്ട്/// വീ.കെ.എന്‍ അത്ര എളുപ്പം പിടി തരുന്ന വായന അല്ല. പക്ഷെ അതിന്‍റെ താളം കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ ആ വായന പോലെ രസമുള്ള മറ്റൊന്നുമില്ലതാനും..

      Delete
  7. :) ആശംസകള്‍ ഷിറൂക്കാ.. ഇനിയും മുന്നേറട്ടെ

    ReplyDelete
    Replies
    1. ഹും, ചിലത് ഇയ്യ്‌ ആണ് എന്നെ തുടങ്ങിക്കുന്നത്... മര്യാദക്ക് ഇനിയും സപ്പോര്‍ട്ട് തന്നാ അനക്ക്, ഛെ, എനിക്ക് കൊള്ളാം

      Delete
  8. പത്തിട്ട് പയ്യൻ അറബിക്കു മുന്നിൽ തലാകുത്തി നിന്നു..

    ReplyDelete