Tuesday 15 April 2014

വാപ്പച്ചിയുടെ ചരമവാര്‍ഷികം: ചില നൊമ്പരങ്ങള്‍.. ഓര്‍മ്മകള്‍...

വാപ്പച്ചി ശരിക്കും പാവമായിരുന്നു.. സ്നേഹം മാത്രം മനസ്സില്‍ നിറച്ചു വെച്ച സാധു.. ചെറുപ്പത്തില്‍ ആഗ്രഹങ്ങള്‍ എന്നില്‍ മുളക്കുന്നതിനു മുന്‍പേ അതെല്ലാം എന്നിലേക്കെത്തിച്ച ഒരു പാവം താതന്‍. വാപ്പച്ചി വളരെ ചെറുപ്പത്തിലേ അധ്വാനിച്ചു കുടുംബം പോറ്റാന്‍ തുടങ്ങി. പഠിക്കുമ്പോള്‍ തന്നെ പത്ര എജന്റായിരുന്നു അന്ന് തൃപ്രയാര്‍ ആണ് പത്രക്കെട്ട് വരിക. ദിവസവും സൈകിള്‍ ചവുട്ടി അത്രയും ദൂരം പോയി പത്രം എടുത്തു കൊണ്ടുവന്നു... വിതരണം ചെയ്യും. ഞാന്‍ 8ല്‍ പഠിക്കുമ്പോള്‍ പങ്കജട്ടീചര്‍ വാപ്പചിയെ കുറിച്ച് പറഞ്ഞത് ഓര്‍മ്മ വരുന്നു, കഠിനധ്വാനിയായ പാവം ചെക്കന്‍ എന്ന്.... (ടീച്ചറുടെ വീട്ടില്‍ പണ്ട് പത്രം ഇട്ടിരുന്നതും വാപ്പച്ചി ആയിരുന്നു. )
പിന്നീട് എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം സെറിബ്രല്‍ത്രോംബോസിസ് കീഴ്പ്പെടുത്തിയ അവസാനപത്തു വര്‍ഷങ്ങള്‍ വരെ അദ്ദേഹം അധ്വാനിക്കുകയായിരുന്നു.. എന്നെ നല്ല നിലയില്‍ കാണുവാനാകാതെ ഓര്‍മ്മ മാഞ്ഞുതുടങ്ങിയ അവസാനനാളുകളില്‍ വാപ്പച്ചി സന്തോഷം അറിഞ്ഞിട്ടുണ്ടാവില്ല. ഒന്നും സമ്പാദിക്കാതെ, ആരോടും പരിഭവിക്കാതെ, എല്ലാവരെയും സ്നേഹിച്ചു ദൈവത്തോട് നന്ദി പറഞ്ഞു പറഞ്ഞു ഒരവധൂതനെപോലെ വാപ്പച്ചി പോയ്‌മറഞ്ഞു.
ഒന്നും തിരികെ നല്‍കാന്‍ എനിക്കായില്ലാ. ആ സാഗരം പോലെയുള്ള സ്നേഹത്തില്‍ നിന്നൊരു തരി പോലും എപ്പോഴും ലോകത്തിന്‍റെ പ്രശ്നങ്ങളെ കുറിച്ച് വേവലാതിപ്പെട്ടു ഒരു കുഞ്ഞുബുജിയുടെ പൈജാമയിട്ട് നടന്ന എനിക്ക് ജീവിതം തലയില്‍ കയറുമ്പോഴേക്കും വാപ്പച്ചി മണ്ണിലേക്ക് തന്നെ മടങ്ങി.
ഓര്‍മ്മ നിലക്കുന്ന വരെയും വാപ്പച്ചി ഒരു നോവായി കൂടെയുണ്ടാകും... ഓര്‍മ്മ അല്ഷിമെര്സായി മാഞ്ഞു തുടങ്ങിയ ആ അന്ത്യവത്സരങ്ങളില്‍ ഞാനായിരുന്നല്ലോ ആ പാവത്തിന്‍റെ അഭിനവതാതന്‍... പുത്രധര്‍മ്മമോ, പിതാധര്‍മ്മമോ തീര്‍ക്കാനാവാതെ ഞാനെന്ന സ്വത്വം സ്വയംവിലപിക്കുന്നു...
ഞന്‍ തന്നെ ഖബറിലേക്ക് മടങ്ങുന്നതിനു മുന്‍പേ വാപ്പച്ചിയുടെ ജീവിതത്തിലെ ഒരേയൊരു ആഗ്രഹം സാധിപ്പിച്ചു കൊടുക്കണം. വിശുദ്ധമക്കവും, മദീനയും പൂകാന്‍ അദ്ദേഹം എത്ര കൊതിച്ചിരുന്നു...
എന്‍റെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയായില്ലെന്കിലും വാപ്പചിയുടെ ആ ഒരാഗ്രഹം എന്നിലൂടെ നടത്തികൊടുക്കാന്‍ സര്‍വേശ്വരനായ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു...

No comments:

Post a Comment